ടു ഹരിഹര്‍ നഗര്് കണ്ടു..... കൊള്ളാം [To Harihar Nagar .. my Review]
കുറെ നാളായി നല്ല ഒരു മലയാളം സിനിമ കണ്ടിട്ട്. എല്ലാ സിനിമകളും പ്രഖ്യാപിക്കുമ്പോള്‍ തോന്നും "ഓഹ് ഇതു കൊള്ളാമല്ലോ, ഒന്നു പോയി കാണണം ഉറപ്പായിട്ടും" എന്ന്. പിന്നെ ഇന്റര്‍നെറ്റില്‍ കാണുന്ന അതിഭീകരമായ പോസ്റ്ററുകള്‍ കാണുമ്പോ നമ്മുടെ ആവേശം ഇരട്ടിക്കും. കിടിലന്‍ കളര്‍ കോമ്പിനേഷനുകള്‍, മോഹന്‍ലാല്‍ തോക്ക് തിരിച്ചു പിടിച്ചു നില്ക്കുന്നു, മമ്മൂട്ടി കുറ്റിത്താടി വച്ചു കുട്ടി ആയി നില്ക്കുന്നു .. ഹ്ഹോ എന്തൊക്കെ കൊലാഹലമാണോ മതി. പറഞ്ഞു വരുമ്പോ ആരും വിചാരിക്കരുത് ഞാന്‍ ഒരു തിരുത്തല്‍വാദി ആണെന്ന്, അല്ല ഞാനും മേല്‍പ്പറഞ്ഞ ചേട്ടന്മാരുടെ ഫാന്‍ തന്നെ.
പക്ഷെ പാവം നമുക്കു ഇടയ്ക്കിടയ്ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങിനെ പറയാതിരിക്കും ? love in singapore ഞാന്‍ കണ്ടതു നാട്ടില്‍ പോയപ്പോള്‍ നമ്മുടെ ഒരു പാവം തീയേറ്ററില്‍ നിന്നാ, തീയേറ്ററില്‍ എത്തിയപ്പോഴേ അപകടം മണത്തു. റിലീസ് ചെയ്തിട്ട് നാലുദിവസം മാത്രം പ്രായമായ ഒരു മെഗാ സ്റ്റാര്‍ പടത്തിനു വെറും അര മണിക്കൂര്‍ മുന്‍പേ തീയേറ്ററില്‍ ഉള്ളത് പതിനഞ്ച് പേരും നാലു പൊടി പിള്ളേരും ആറു കാറുകളും. പടം തുടങ്ങിയപ്പോളൊ ... അത് ഞാന്‍ പിന്നെ പറയാം, അല്ലെങ്കില്‍ എന്തിന് പറയണം, നിങ്ങളില്‍ പലരെയും പോലെ, ഞാനും പറഞ്ഞു. പാവം മമ്മൂക്ക, എന്ത് നല്ല മനുഷ്യനായിരുന്നു :)
അടുത്ത അബദ്ധം നമ്മുടെ സ്വന്തം ഉദ്ധ്യാന നഗരത്തില്‍ നിന്നു തന്നെ പറ്റി. ഷാജി കൈലാസ്, എ.കെ സാജന്, മോഹന്‍ലാല്‍, പിന്നെ മനുഷ്യരെ പറ്റിക്കുന്ന ഒരു കിടിലന്‍ പേരും - Red Chillies, ഈ സിനിമയെ ഞാന്‍ എന്റെ പിറകിലെ നിരയില്‍ ഇരുന്ന ഒരു കടുത്ത ലാല്‍ ഫാനിന്റെ ആവേശം കൊണ്ടു വിവരിക്കാം ... പാവം ചേട്ടന്, ആദ്യമൊക്കെ ലാലേട്ടാ, ലാലേട്ടാ, എന്ന് വളരെ ആവേശത്തില്‍, നമുക്കു ഡയലോഗുകള്‍ കേള്‍ക്കാത്ത രീതിയില്‍ വിളിച്ചിരുന്നു, സെക്കന്റ് ഹാഫിന്റെ ഇടയ്ക്ക് വളരെ ഹൃദയ ഭേതകമായി ഒരു ലാലേട്ടാ വിളിയോടെ അദ്ധേഹത്തിന്റെ ശബ്ദം നിലച്ചു. സിനിമ കഴിഞ്ഞു ഞങ്ങള്‍ എണ്പതു രൂപയല്ലേ .. കുറച്ചു മൂട്ട കടിയല്ലേ .. സാരമില്ല എന്ന് പറഞു തിരിച്ചു റൂമിലേക്ക് പോയി ...
ടു ഹരിഹര്‍ നഗര്‍ ആനൌന്സ് ചെയ്തപ്പോഴേ ഞാന്‍ വിചാരിച്ചിരുന്നു .. എന്റെ ഈശ്വരാ ഈ കിളവന് സെറ്റിനെ എങ്ങിനെ സഹിക്കും, മുകേഷ്, സിദ്ധിക്ക് എന്നിവരെ എങ്ങിനെയെങ്ങിലും ഒപ്പിക്കാം. അശോകനും ഓക്കേ . സേതുരാമയ്യര്‍ C B I യില്‍ ജഗധീഷിന്റെ കോലം കണ്ടവര്‍ക്കെല്ലാം ആ സ്റ്റിക്കര്‍ മീശ ഓര്മ കാണുമല്ലോ അല്ലെ. അതും വച്ചാണ് ആശാന് അഭിനയിക്കുന്നതെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിലെ പാവം അപ്പുക്കുട്ടന് പോട്ടിക്കരഞ്ഞേനെ എന്നൊക്കെ. ഏതായാലും പോസ്റ്ററുകള്‍ വന്നു തുടങ്ങിയപ്പോള്‍ കുറച്ചു സമാധാനമായി. കാണാന്‍ കൊള്ളാം. കളറുകള്‍ കൊള്ളാം അങ്ങിനെയൊക്കെ. എന്നാലും മലയാളികള്‍ ഒരിക്കലും മറക്കാത്ത ഇന്‍ ഹരിഹര്‍ നഗര്‍, നമ്മുടെ ലാല്‍ (ഡയറക്ടര്‍) ആള് പുലിയാനെന്നറിയാം, എങ്കിലും കുളമാകുമോ കുളമാകുമോ എന്നുള്ള ഒരു ചെറിയ പേടി കൊണ്ടായിരിക്കും, പിന്നെ ഞാന്‍ അധികം ഈ സിനിമ അധികം ശ്രദ്ധിച്ചിരുന്നില്ല.
ഏപ്രില്‍ മൂന്നാം തീയതി രാവിലെ ഉദ്ധ്യാന നഗരത്തിലെ മതിലുകളില്‍ ഇന്നു റിലീസ് ആവുന്ന ചിത്രങ്ങളുടെ കൂടെ To harihar nagar എന്ന് കണ്ടു, കൂടെ മൂട്ട തീയേറ്ററില്‍ പടം ഉണ്ട് എന്ന് ഉറപ്പക്കിയിട്ടെ എനിക്ക് സമാധാനം ആയുള്ളൂ. എന്റെ സഹമുറിയര്‍ ശകുനി, നീലന്, വാലന്‍ .. എല്ലാരും എന്നെക്കാളും സ്പീഡില്‍ എല്ലാം തീരുമാനിച്ചിരുന്നു അപ്പോഴേക്കും തീയേറ്ററില്‍ ഷോ തുടങ്ങാന്‍ അര മണിക്കൂര്‍ ഉള്ളപ്പോഴാ എത്തിയെ. പക്ഷെ ബാല്‍ക്കണി ബ്ലാക്ക് ആയി മാറിയിരുന്നു. പിന്നെ ഫസ്റ്റ് ക്ലാസ്സ് തന്നെ. ..................
ഇനി എന്റെ വക പടം തുടങ്ങട്ടെ ... നടന്, നിര്‍മാതാവ്, ഇപ്പോള്‍ സംവിധായകന്, നമ്മുടെ ലാല്‍, - സിദ്ദിക്കിന്റെ കൂടെ കുറെയേറെ പടങ്ങള്‍ സ്വന്തം ക്രെഡിറ്റില്‍ ഉണ്ടെങ്ങിലും അതെല്ലാം സിദ്ധിക്കണോ ലാലാണോ എന്ന് നമുക്കറിയില്ലല്ലോ, സിദ്ധിക്കിനാണെങ്കില് നല്ല പടങ്ങള്‍ ഇഷ്ടം പോലെ ഉണ്ട് താനും - ആദ്യ പകുതിയില്‍ ശ്വാസം വിടാന്‍ സമയം കിട്ടിയില്ല. ഇന്‍ ഹരിഹര്‍ നഗറില്‍ നിര്‍ത്തിയേടത്ത് നിന്നു തുടങ്ങാന്‍ ലാല്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട് . മിക്കവാറും എല്ലായിടത്തും അദ്ദേഹം അതില്‍ വിജയിച്ചിട്ടുമുണ്ട്. ആദ്യ സിനിമയില്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍, - നായകരുടെ ബാല്യകാലം പോലെ - പുതിയ സിനിമയില്‍ ഒട്ടും മുഴയില്ലാതെ ചേര്‍ക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിലെ ഹാസ്യം മലയാളം സിനിമയില്‍ ഈയടുത്തൊന്നും, ഒരു പക്ഷെ കല്യാണരാമന് ശേഷം, ഇത്ര ഇഴയടുപ്പത്ത്തോട് കൂടി അവതരിപ്പിച്ച ചിത്രം ഇല്ലെന്നു തന്നെ പറയാം. വളരെ കുറച്ചു സംഭാഷണ ശകലങ്ങളെ ഓര്മയുള്ളൂ. ഒന്നു തീരും മുന്‍പ് മറ്റൊന്ന് വരുന്നതു കൊണ്ടായിരിക്കും, എനിക്കപ്പോള്‍ ഓര്മ വന്നത് ഫ്രണ്ട്സ് ലെ ചില രംഗങ്ങള്‍ ആണ്. ജഗദീഷിനെ പ്രത്യേകം പറയാതിരിക്കാന്‍ വയ്യ, സിനിമ തുടങ്ങുന്നത് മുതല്‍ വായടക്കാതെ തമാശകള്‍ പൊട്ടിക്കുന്ന ആ പഴയ താരത്തെ നമുക്കു തിരിച്ചു കിട്ടിയിരിക്കുന്നു. ഒരു ശ്രദ്ധേയമായ വഴിതിരിവോടെ ഇടവേള വരുമ്പോളാണ് പലരും ഒന്നേകാല്‍ മണിക്കൂര്‍ കടന്നു പോയത് അറിയുക.
അടുത്ത പകുതി പണ്ടു നമ്മള് കണ്ട അതേ സിദ്ധിക്ക് - ലാല്‍ സിനിമ ആയോ എന്നോ അവയെക്കാള്‍ കുറച്ചു താഴെ ആണോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നുണ്ട്. കുറച്ചു കൂടി തമാശകള്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി ചില അവസരങ്ങളില്‍. പക്ഷെ സിനിമ കണ്ടവരാരും തന്നെ ക്ലൈമാക്സ് മുന്‍കൂട്ടി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല ( ഏതായാലും പാവം ഞാന്‍ ഊഹിച്ചില്ല ). സെന്ടിമെന്ട്സ് - ത്രില്‍ ഇവ സമാസമം ചേര്‍ത്ത് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ലാലിന് നന്നായി സാധിച്ചിട്ടുണ്ട്. അവസാനത്തെ ചില രംഗങ്ങള്‍ ഇനിയും സിനിമ ബാക്കിയുണ്ടോ എന്നൊരു തോന്നല്‍ എനിക്കുണ്ടാക്കി. പക്ഷെ ഒരു നല്ല ഗാന രംഗത്തോടെ സിനിമ അവസാനിച്ചിട്ടും കുറച്ചു നേരം കൂടി സീറ്റില്‍ ഇരുന്നിട്ടാണ് ഞങ്ങള്‍ നാലാളും എണീറ്റ് പോന്നത്.
സിനിമയിലെ മൂന്നു ഗാനങ്ങളും നന്നായിട്ടുണ്ട്. ഉന്നം മറന്ന .. എന്ന പാട്ടു തമാശ രംഗങ്ങള്‍ കൊണ്ടു നിറച്ചിരിക്കുന്നു. ഏകാന്ത ചന്ദ്രികേ .. പഴയ പ്രണയഭാവം നിലനിര്‍ത്തിയിരിക്കുന്നു .. അവസാനത്തെ ഗാന രംഗത്ത് വീണ്ടും ഇഷ്ടം പോലെ തമാശകള്‍, നുറുങ്ങു അതിശയങ്ങള്‍ .
സാങ്കേതികമായും നന്നായിട്ടുണ്ട് സിനിമ, ക്യാമറ വര്‍ക്ക് ആകര്‍ഷണീയം തന്നെ. നിറങ്ങളുടെ ഉപയോഗം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. നടീനടന്മാരെ തിരഞ്ഞെടുതത്തിലും നല്ല ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു സംവിധായകന്. ഇന്‍ ഹരിഹര്‍ നഗറില്‍ ടയറിനു കാറ്റൂതുന്ന അപ്പ ഹാജ ഈ സിനിമയിലും പ്രത്യക്ഷപ്പെട്ടത് ഇതിന് നല്ല ഒരു ഉദാഹരണമാണ്.
To Harihar Nagar ഓര്‍മപ്പെടുത്തുന്ന ചിലതുണ്ട്. താരങ്ങള്‍ സംവിധായകരില്ലാതെ ജനിക്കുന്നില്ല, ജീവിക്കുന്നില്ല, മരിക്കുന്നില്ല. അഭിനേതാക്കളുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ വേണ്ടതുപോലെ ഉപയോഗിക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥ താരങ്ങളായി തിളങ്ങുന്നു. പഴയ ജഗദീഷും അശോകനും നമ്മെ വീണ്ടും ഇതു ഓര്‍മപ്പെടുത്തുന്നു. പുതിയ കുപ്പിയില്‍ അവര്‍ യഥാര്‍ത്ഥ വീഞ്ഞ് തന്നെ.
വാലറ്റം: ഈ സിനിമ കണ്ടു പ്രചോദനം നേടി എല്ലാ സംവിധായകരും പഴയ സിനിമ കഥകള്‍ പൊടിതട്ടി എടുത്തു രണ്ടാം ഭാഗവുമായി വരുമോ എന്തോ. അല്ലെങ്കില്‍ തന്നെ രണ്ടാം ഭാഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നുണ്ട് ഇപ്പോള്‍. കാത്തിരുന്നു കാണാം.
Hi nice one
ReplyDeleteThis comment has been removed by the author.
ReplyDelete